IFDF- Integrated Family Development Forum

Vadookara,Thrissur

കൈയ്യക്ഷരത്തിലൂടെ സ്വഭാവം മനസിലാക്കാവോ?

എഴുതുന്നത് ഒന്നും വായിക്കാന്‍ തിരിയുന്നില്ല എന്ന പരാതിയാണ് ആറാം ക്ലാസുക്കാരിയായ അശ്വതിയുടെ അദ്ധ്യാപകര്‍ക്ക് മാതാപിതാക്കളോട് എന്നും പറയാനുള്ളത്. അക്ഷരങ്ങളെല്ലാം കൂട്ടിചേര്‍ത്ത് വാക്കുകള്‍ എഴുതുന്നത് മറ്റൊരാള്‍ക്ക് വായിക്കാന്‍ വളരെ ബുദ്ധിമുട്ട് വരുന്നതിനാല്‍ പരീക്ഷയില്‍ അശ്വതിയുടെ മാര്‍ക്ക് തീരെ കുറഞ്ഞ് പോകുന്നു. കൈയ്യക്ഷരം നന്നാക്കാനും കുറച്ചുകൂടി വലുതായി എഴുതാനും ആദ്ധ്യാപകര്‍ എപ്പോഴും പറയും. താന്‍ എഴുതുന്നത് വായിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ട് എന്ന വാദമുഖമാണ് എപ്പോഴും അശ്വതി ഉന്നയിക്കാറുള്ളത്. ക്ഷമാപൂര്‍വ്വം ഇരുന്ന് വലുതാക്കി എഴുതി തുടങ്ങിയാലും താനെ അക്ഷരങ്ങള്‍ ചെറുതായി പോകും എന്നതാണ് യാഥാര്‍ത്ഥ്യം. എഴുതുമ്പോള്‍ അക്ഷരങ്ങള്‍ തമ്മിലുള്ള അകലവും വരികള്‍ തമ്മിലുള്ള അകലവും വളരെ കുറവായതിനാല്‍ അശ്വതിയുടെ എഴുത്ത് ബുക്ക് കാണുമ്പോഴെ അദ്ധ്യാപകര്‍ക്ക് ദേഷ്യം വരും. എഴുത്തിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ പെട്ടന്ന് കരയുകയും മുഖം മാറുകയും ചെയ്യുക അശ്വതിയുടെ സ്വഭാവമാണ്. അദ്ധ്യാപകര്‍ ഇടയ്ക്കിടെ തിരുത്തുന്നതിനാല്‍ അവരെ ഒരു ഭയപ്പാടോടെയാണ് നോക്കികാണുന്നത്. കയ്യക്ഷരം മോടിയാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? കൈയ്യക്ഷരവും വ്യക്തിത്വരീതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

കൂറേ കാലമായി എഴുതാന്‍ തുടങ്ങിയിട്ട് ഇപ്പോഴും കൈയ്യക്ഷരത്തിന് വൃത്തി ഒന്നും ഇല്ലല്ലോ എന്ന് അശ്വതിയെപോലെ കേള്‍ക്കേണ്ടി വരുന്ന ധാരാളം കുട്ടികളുണ്ട്. കൈയ്യക്ഷരം സ്വഭാവത്തിന്‍റെ ഒരു അടയാളമാണ്. കൈയ്യക്ഷരം നന്നാക്കാനായി ഒരു വ്യക്തി ആത്മവിശ്വസത്തോടെ എടുക്കുന്ന തീരുമാനത്തിന് വലിയ സാധ്യതകള്‍ ഉണ്ട്. ഒരാളുടെ വ്യക്തിത്വസവിശേഷതകള്‍ നിര്‍ണ്ണയിക്കാനുള്ള ശ്രമത്തോടെ കൈയ്യക്ഷരത്തിന് വിശകലനം നല്‍കുന്ന ഒന്നാണ് ഗ്രാഫോളജി. കൈയ്യക്ഷരം വ്യക്തിത്വത്തിന്‍റെ പ്രതിഫലനമാണ് എന്നതാണ് ഗ്രാഫോളജിയുടെ അടിസ്ഥാന സിദ്ധാന്തം. ഭംഗിയുള്ള കൈയ്യക്ഷരം കണ്ടാല്‍ ഒരു പോസറ്റീവ് മനോഭാവമാണ് ഏവര്‍ക്കും ഉണ്ടാകുക എന്നാല്‍ കൈയ്യക്ഷരം മോശമാണെങ്കില്‍ നെഗറ്റീവ് നിലപാടും പ്രകടിപ്പിക്കാറുണ്ട്. കൈയ്യക്ഷരം ഭംഗിയാക്കണമെങ്കില്‍ അത് ശരിയാക്കാനുള്ള ആഗ്രഹമാണ് ആദ്യം വ്യക്തിക്ക് ഉണ്ടാകേണ്ടത്. സ്വന്തം വായിക്കാന്‍ മാത്രമല്ല അപരനും ബുദ്ധിമുട്ടില്ലാതെ മനസിലാക്കി വായിക്കാന്‍ സാധിക്കുന്ന കൈയ്യക്ഷരരീതിയാണ് ഒരുവന്‍ ശീലിക്കേണ്ടത്. എഴുതാന്‍ ഉപയോഗിക്കുന്ന പേന അഥവാ പെന്‍സില്‍ അധികം ഖനം കൂടിയതോ തീരെ ഖനം കുറഞ്ഞതോ ആകാതിരിക്കാനും കൈകള്‍ക്ക് സുഗമമായവ ആയിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. പേനയുടെ നിബ് ചെറുതാകുന്നതുവഴി അക്ഷരങ്ങള്‍ക്ക് മികവും വ്യക്തതയും വരും. ഓരോ വാക്കുകളുടെയും അക്ഷരങ്ങളുടെയും ഇടയിലും സ്ഥലം വിടാന്‍ എപ്പോഴും ശ്രദ്ധിക്കണം. കയ്യക്ഷരം നല്ലതാവണമെങ്കില്‍ എഴുതി പഠിക്കുകതന്നെ വേണം എന്നാലെ കൈകള്‍ക്ക് വഴക്കം വരികയുള്ളൂ. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകള്‍ കൈകള്‍കൊണ്ട് തന്നെ എഴുതേണ്ടതുള്ളതുകൊണ്ട് എഴുതി ശീലിച്ചില്ലെങ്കില്‍ അത് നമ്മുടെ തലവരയെ തന്നെ മാറ്റി മറിക്കും. എത്ര പഠിക്കുന്ന കുട്ടിയായാലും കൈയ്യക്ഷരം മനസിലാകുന്നില്ലെങ്കില്‍ അശ്വതിയെ പോലെ തോല്‍വി സംഭവിക്കാം. ഓരോ അക്ഷരവും എഴുതാന്‍ ഒരു ഡിറക്ഷന്‍ ഉണ്ട് ഉദാഹരണത്തിന് എട്ട് എന്ന അക്കം എഴുതാന്‍ തനതായ ഒരു വഴി ഉണ്ട്. അതിന് പകരം രണ്ട് പുജ്യം താഴെ താഴെ ഇട്ടാലും അത് എട്ട് ആവും എന്നാല്‍ ശരിയായ ഭംഗിയില്‍ അല്ലെന്ന് മാത്രം. ആയതിനാല്‍ അക്ഷരങ്ങള്‍ അത് ഏത് ഭാഷയില്‍ ആയാലും അതിന്‍റെ ഡിറക്ഷന്‍ ചാര്‍ട്ട് അനുസരിച്ച് എഴുതി പഠിക്കേണ്ടതാണ്. എതൊരു അക്ഷരവും എവിടെനിന്ന് തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ക്രിതൃമായി മനസിലാക്കി എഴുതി ശീലിക്കുന്നത് കൈയ്യക്ഷരം മോടിയാക്കാന്‍ സഹായകമാണ്. പേന പിടിക്കുന്ന രീതി ഒരുപരിധിവരെ കൈയ്യക്ഷരത്തെ സ്വാധീനിക്കുന്നതിനാല്‍ ഉപയുക്തമായ രീതി അവലംബിക്കുക. കയ്യക്ഷരം സ്വഭാവത്തെയും വ്യക്തിത്വത്തെയും കഴിവുകളെയും എടുത്തുകണിക്കുന്നു എന്ന് ഗ്രാഫോളജി പഠനങ്ങള്‍ പ്രതിപാദിപ്പിക്കുമ്പോള്‍, നന്നേ ചെറുതാക്കി എഴുതുന്നവര്‍ ലജ്ജാശീലരും അന്തര്‍മുഖപ്രകൃതക്കാരും (introvert) സ്വയം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നരും ആണ്. എന്നാല്‍ വലിയ അക്ഷരത്തിലല്‍ എഴുതുന്നവര്‍ തുറന്ന് സംസാരിക്കുന്നരും ബഹിര്‍മുഖരും (Extrovert) സാമൂഹ്യപ്രതിബദ്ധത കൂടുതല്‍ ഉള്ളവരും ആയിരിക്കാനാണ് സാധ്യത എന്നതാണ് നിഗമനം. ശരാശരി വലുപ്പത്തില്‍ എഴുതുന്നവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരും ആഴത്തില്‍ ശ്രദ്ധിക്കാന്‍ കഴിവുള്ളവരും ആണ്. വലത്തോട്ട് ചരിഞ്ഞ് എഴുതുന്നവര്‍ പുതിയ ജീവിതാനുഭവങ്ങളെ ഉള്‍കൊള്ളാന്‍ ആഗ്രഹിക്കുന്നവരും പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ളവരും ആണ്. ഇടത്തോട്ട് ചരിഞ്ഞ് എഴുതുന്നവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും, തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരും ആകാം. കുത്തനെ എഴുതുന്നവര്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരും പ്രായോഗിക ബുദ്ധി കൂടുതലായി ഉപയോഗിക്കുന്നവരും ആണ്. പേനയില്‍ കഠിന സമ്മര്‍ദ്ദം ചെലുത്തി എഴുതുന്ന പ്രവണതയുള്ളവര്‍ വിമര്‍ശനങ്ങളോട് പെട്ടന്ന് പ്രതികരിക്കുന്നവരാണ്. വളരെ സമര്‍ദ്ദം കുറച്ച് പേനപിടിച്ച് എഴുതുന്നവര്‍ സെന്‍സിറ്റീവും ഒപ്പം തന്നെ വ്യക്തികളോട് സഹാനുഭൂതി കൂടുതല്‍ ഉള്ളവരും ആയിരിക്കും. വല്ലാതെ അടുപ്പിച്ച് അശ്വതിയെപ്പോലെ എഴുതുന്നവര്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവരാണ്. ഇങ്ങനെ വ്യക്തിത്വം, സ്വഭാവം പ്രതിഫലിപ്പിക്കുന്നതാണ് കൈയ്യക്ഷരം എന്ന് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. കൈയ്യക്ഷരം ഭംഗിയാക്കുന്നതുപോലെ തന്നെ സ്വഭാവവും നവീകരിക്കാന്‍ പരശ്രമത്തിലൂടെ സാധിക്കും. ഭംഗിയുള്ള കൈയ്യക്ഷരം കാണുമ്പോള്‍ പ്രശംസ ഏറ്റുവാങ്ങുന്നതുപോലെ നല്ല സ്വഭാവത്തിലൂടെ സമൂഹത്തിന്‍റെ അംഗീകാരം ഒരുവന് ലഭിക്കുന്നു. മാറ്റം വരുത്തേണ്ടതിനെ മാറ്റം വരുത്താന്‍ തയ്യാറാകുന്നതിലൂടെ വിജയം വരിക്കാന്‍ മനുഷ്യന് സാധിക്കുന്നു. നമ്മില്‍ വരുന്ന മാറ്റം ജിവിതത്തിന് ആസ്വാദ്യത നല്‍കുന്നതും അപരന് നന്മയായി മനസിലാക്കാന്‍ സാധിക്കുന്നതും ആയാല്‍ അംഗീകാരത്തിന്‍റെയും വളര്‍ച്ചയുടെയും പടവുകള്‍ നമുക്ക് ചവിട്ടിക്കയറാം. നമ്മുടെ അറിവ് കഴിവ് എന്നിവ പേപ്പറില്‍ എഴുതുമ്പോള്‍ വായിക്കാന്‍ തിരിയാത്തതിന്‍റെ പേരില്‍ പരീക്ഷയില്‍ പരാജിതരാകാതിരിക്കാന്‍ നമുക്ക് മാറാന്‍ ശ്രമിക്കാം….നമ്മില്‍ വരുന്ന മാറ്റത്തിലൂടെ നമ്മുടെ സ്വഭാവത്തിലെ നന്മയെ ആസ്വദിക്കുവാനും അംഗീകരിക്കുവാനും ഏവര്‍ക്കും കഴിയട്ടെ… ജീവിതങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന അപരന്‍റെ സ്നേഹവും അംഗീകാരവും അനുഭവവേദ്യമാകട്ടെ…..