IFDF- Integrated Family Development Forum

Vadookara,Thrissur

വ്യതിരിക്തതയെ അംഗീകരിക്കുന്ന നന്മയെ പരിപോഷിപ്പിക്കുന്ന കുടുംബങ്ങള്‍!

ഭൂമിയിലെ ഓരോ മനുഷ്യ ജീവന്‍റെയും നിലനില്‍പ്പിനെ താങ്ങി നിര്‍ത്തുന്ന മാനവരാശിയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. ഇത് പകരം വയ്ക്കാനില്ലാത്ത ഭൂമിയിലെ സ്നേഹത്തിന്‍റെ ഉറവിടമാണ്. കുടുംബങ്ങള്‍ മരത്തിന്‍റെ ശിഖരങ്ങള്‍ പോലെയാണ്. അത് വ്യത്യസ്തമായി വളരുന്നുവെങ്കിലും വേര് അതേപടി നിലനില്‍ക്കുന്നു. ദാമ്പത്യ സ്നേഹമാകുന്ന വേരില്‍ നിന്ന് സത്ഗുണങ്ങള്‍ നുകര്‍ന്ന് തഴച്ചു വളരുന്ന മരത്തിന്‍റെ ശാഖകള്‍ ഫലദായകവും ആകര്‍ഷണീയവുമാണ്. ഇതുപോലെ വൈവിധ്യങ്ങളുടെ സ്വഭാവസവിശേഷതകള്‍ ചാലിച്ച് സ്നേഹത്തിന്‍റെ നിറപകിട്ടുകള്‍ വിരിയിക്കുന്ന ബന്ധങ്ങളുടെ ഒരു ശൃംഖലയാണ് കുടുംബം. ഇത് സഭയുടെ അടിസ്ഥാന ഘടകവും സമൂഹത്തിന്‍റെ അടിത്തറയും സാമൂഹിക ജീവിതത്തിന്‍റെ കേന്ദ്രവുമാണ്. കുടുംബം അനന്യമായ ഒരു സാമൂഹിക സംവിധാനം കൂടിയാണ്. അതായത് a unique social system.

വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന് ആരംഭിച്ച രണ്ട് പുഴകള്‍ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ച് ചേര്‍ന്ന്, ഒരു നദിയായി കടലിലേയ്ക്ക് ഒഴുകുന്നതുപോലെയാണ് എല്ലാ ദാമ്പത്യങ്ങളും. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ച് വളര്‍ന്ന സ്ത്രീയും പുരുഷനും ജീവിതത്തിന്‍റെ ഏകദേശം മധ്യാഹ്നത്തിന് മുന്‍പായി പരസ്പരമുള്ള സ്നേഹത്തില്‍ ഒന്നുചേര്‍ന്ന് സ്നേഹസാഗരമായ ദൈവത്തിലേക്ക് ഒരുമിച്ച് എത്തിച്ചേരാനുള്ള ഒരു ജീവിത യാത്രയാണ് ദാമ്പത്യം. പിന്നീട് ഒരിക്കലും വേര്‍പിരായാനാകാത്ത വിധത്തിലുള്ള വ്യത്യസ്തതകളുടെ ഒന്നാകല്‍ ദാമ്പത്യത്തില്‍ സംഭവിക്കുന്നു. ഈ ദൈവിക പദ്ധതിയില്‍ യഥാര്‍ത്ഥ ഫലം നല്‍കി നിലനില്‍ക്കണമെങ്കില്‍ ക്രിസ്തു സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാന്‍ ദമ്പതികള്‍ക്ക് കഴിയണം. അല്ലെങ്കില്‍ ദാമ്പത്യം ഭാരമേറിയതും സന്താപം നിറഞ്ഞതുമായ അനുഭവമായി മാറും. തങ്ങളുടെ ദാമ്പത്യസ്നേഹത്തെ എങ്ങനെ മാധുര്യം നിറഞ്ഞതാക്കാം എന്ന് എപ്പോഴും ചിന്തിക്കുന്ന ദമ്പതികളുണ്ട്. ഇതിനുവേണ്ടി പരിശ്രമിച്ച് പരാജയപ്പെട്ടവരും ഉണ്ട്. എന്നാല്‍ ഈ സ്നേഹം കണ്ടെത്തി, അനുഭവിച്ച് അതില്‍ നിലനില്‍ക്കുന്ന ദമ്പതികളും എറെയാണ്.

രണ്ട് വ്യത്യസ്ത സാഹചര്യത്തില്‍ വളര്‍ന്ന ദമ്പതികള്‍ ചിന്തയിലും പെരുമാറ്റത്തിലും അഭിരുചിയിലും വിഭിന്നരായിരിക്കുക സ്വാഭാവികമാണ്. കുടുംബ പശ്ചാത്തലത്തില്‍ നിന്ന് ലഭിക്കുന്ന രൂപീകരണമാണ് (ളീൃാമശേീി) ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ മെനയുന്ന പ്രധാന ഘടകം. ഇതിന്‍റെ ഫലമായി ചിലര്‍ നന്നായി സംസാരിക്കുന്നവരും മറ്റു ചിലര്‍ കുറവ് സംസാരിക്കുന്നവരും ആയിത്തീരുന്നു. കാര്‍ക്കശ്യക്കാരും സ്വതന്ത്ര ചിന്താഗതിക്കാരും ഈ കുടംബ രൂപീകരണത്തിന്‍റെ അനന്തര ഫലങ്ങളാണ്. വൈകാരിക തലം ഉയര്‍ന്ന് നില്‍ക്കുന്നവരെയും ചിന്താധാരകളില്‍ മാത്രം ജീവിക്കുന്നവരെയും നാം കണ്ടുമുട്ടുന്നു. ഇത്തരം വിഭിന്ന വ്യക്തിത്വ സവിശേഷതകള്‍ ഒന്നിച്ച് ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിക്കുമ്പോള്‍ ആദ്യം വേണ്ടത് ഈ വിഭിന്നതകളെ മനസിലാക്കി അംഗീകരിക്കലാണ്. പൊരുത്തപ്പെടുക എന്നാല്‍ സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിച്ച് മറ്റൊരാളിന് അടിമയായിത്തീരുക എന്നല്ല അര്‍ത്ഥം. രണ്ടു പേരുടെയും വ്യക്തിത്വത്തെ നിലനിര്‍ത്തുക തന്നെ വേണം. വ്യക്തിത്വത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കി, അംഗീകരിക്കാവുന്നവയെ അംഗീകരിച്ച്, വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ സന്നദ്ധമായ മനസ്സോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഇണങ്ങിചേര്‍ന്ന് പോകാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുന്നിടത്താണ് കൂടുംബ ജീവിതത്തിന്‍റെ വിജയം ആസ്വദിക്കാനാകുക. വ്യതിരിക്തതകളെ മനസിലാക്കാതെ സ്വന്തം ഇഷ്ടം അടിച്ചേല്‍പ്പിക്കുന്ന കുടുംബങ്ങളില്‍ വിലാപവും അസന്തുഷ്ടിയും അസമാധാനവും പരസ്പരം പഴിചാരലും ആയിരിക്കും ഫലം. സ്വന്തം ഇഷ്ടം ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നിര്‍ബന്ധബുദ്ധികള്‍ ഉണ്ട്. നാം ഇഷ്ടപ്പെടുന്നതോ ആഗ്രഹിക്കുന്നതോ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാതെ വരുമ്പോള്‍ ദേഷ്യപ്പെടാന്‍ മുതിരുന്നവരാണ് നമ്മില്‍ ബഹുഭൂരിഭാഗം പേരും. എന്നാല്‍ തിരുക്കുടുംബത്തിലേയ്ക്ക് നോക്കുക. കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത അംഗീകാരം, മറ്റുള്ളവരുടെ താല്‍പര്യത്തിനായി സ്വന്തം താല്‍പര്യങ്ങളെ വിട്ടുകൊടുക്കാന്‍ തയ്യാറാകുന്ന സ്നേഹം, വ്യതിരിക്തതകളെ സംരക്ഷിക്കാനുള്ള പരക്കം പാച്ചില്‍ എല്ലാം ആ കുടുംബത്തിന്‍റെ സവിശേഷതയായി നാം കാണുന്നു.
കറുപ്പിന് കൂടുതല്‍ ആകര്‍ഷണത്വം നല്‍കുന്നത് വെളുപ്പായതുപോലെ, നോര്‍ത്ത് പോളിനെ ആകര്‍ഷണ വിധേയമാക്കുന്ന സൗത്ത് പോള്‍ പോലെ, ഊര്‍ജ്ജോത്പാദനമേകുന്ന നെഗറ്റീവ് പോസറ്റീവ് ടെര്‍മിനല്‍ പോലെ വൈരുദ്ധ്യത്തിന് ഫലദായകത്വം ഏറെയാണ്. പിന്നെ എന്തുകൊണ്ടാണ് വിപരീത സ്വഭാവങ്ങളെ മനുഷ്യര്‍ ഭയക്കുന്നത്? നമുക്ക് സുപരിചിതമല്ലാത്തതെല്ലാം മനുഷ്യര്‍ക്ക് ഭീതിജനകമാണ്. ശാന്തശീലമുള്ള ഭാര്യ മൂര്‍ച്ചയുള്ള സംസാര രീതികളുള്ള ഭര്‍ത്താവിനേക്കാള്‍ സൗമ്യതയുള്ളവനെയാണ് ആഗ്രഹിക്കുക. കാരണം നമുക്ക് പരിചിതമല്ലാത്ത സ്വഭാവത്തെ ഉള്‍കൊള്ളുക പ്രയാസകരമാണ്. ഒന്ന് ചിന്തിക്കുക, ഭാര്യാഭര്‍ത്താക്കന്മാര്‍ വളരെ ശാന്തതയുള്ളവരാണെങ്കില്‍ അവരില്‍ നിന്ന് രൂപം കൊള്ളുന്ന മക്കള്‍ അതീവ ശാന്തസ്വഭാവത്തിന്‍റെ തണലില്‍ നിന്ന് തീരുമാനങ്ങള്‍ ധൈര്യപൂര്‍വ്വം എടുക്കാനോ, അത് ആധികാരികതയോടെ തുറന്ന് പറയാനോ ഭയപ്പെടുന്ന അവസ്ഥാവിശേഷങ്ങള്‍ ഉണ്ടാകുന്നു. ഒരേ ചിന്താധാരകളുള്ള ദമ്പതികളുടെ ഇടയില്‍ ആശയങ്ങള്‍ ഒത്തു പോകുന്നു എന്നത് ശരി തന്നെ എന്നാല്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ പ്രശ്ന പരിഹാര സാധ്യതകളെക്കുറിച്ച് ചിന്തിക്കേണ്ടിവരുമ്പോള്‍ കൂടുതല്‍ പ്രതിവിധികളെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാനും ആ മനോഭാവം ഉള്‍ക്കൊളളാനും സാധിക്കാതെ പരാജയപ്പെടുന്നതും നമുക്ക് കാണാന്‍ കഴിയും. ആയതിനാല്‍ വിപരീത സ്വഭാവങ്ങളെ മാനുഷീകതയോടെ നോക്കികാണുക. കുടുംബം ദാമ്പത്യത്തിലൂടെ വളരുന്ന ബന്ധമാകയാല്‍ വ്യതിരിക്ത സ്വഭാവക്കാരായ ദമ്പതികള്‍ തങ്ങളുടെ ബന്ധത്തെ പരിപോഷിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്:
1. വ്യതിരിക്തതകളെ അംഗീകരിക്കുക ഭയപ്പെടാതിരിക്കുക
2. സ്വയം മനസിലാക്കുക ഒപ്പം പങ്കാളിയെ അവരുടെ വളര്‍ന്നുവന്ന അവസ്ഥയോടുകൂടെ സ്വീകരിക്കുക
3. വ്യത്യസ്തതരം സാഹചര്യത്തില്‍ വളര്‍ന്നതാണ് തന്‍റെ പങ്കാളി എന്ന അവബോധം ആഴപ്പെടുത്തുക
4. തന്‍റെ ആഗ്രഹം പോലെയാകാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കുന്നത് സ്നേഹരാഹിത്യം സൃഷ്ടിക്കും
എന്ന് മനസിലാക്കുക
5. കഴിവതും നന്മയെ പ്രോത്സാഹിപ്പിക്കുക കുറവുകളെ എടുത്ത് പറഞ്ഞ് മുറിപ്പെടുത്താതിരിക്കുക
6. ഇഷ്ടങ്ങളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് തിരിച്ചറിയുമ്പോള്‍ അത് ജീവിക്കാനുള്ള അവസരം
കുടുംബത്തില്‍ ഇടയ്ക്കെങ്കിലും ഒരുക്കുക
വ്യക്തിത്വ പ്രത്യേകതകള്‍ അനുസരിച്ച് കുടുംബത്തിലെ പാരന്‍റിംഗ് രീതിയിലും വ്യത്യാസങ്ങള്‍ ഉണ്ട്. സ്വഭാവപ്രകൃതം അനുസിരിച്ചുള്ള വിവിധ പാരന്‍റിംഗ് രീതികള്‍ക്കനുസരണം കുട്ടികളുടെ സ്വഭാവ രൂപീകരണം നിഷേധാത്മകമോ ക്രിയാത്മകമോ ആകാം. വ്യക്തിത്വ പ്രത്യേകതയനുസരിച്ച് പൊതുവെ കാണുന്ന രക്ഷാകര്‍തൃത്വ രീതികളാണ്:
1. ആധികാരിക രക്ഷാകര്‍തൃത്വം ((Authoritative Parenting): ഉത്തരവാദിത്വ ബോധത്തില്‍ അടിസ്ഥാനമിട്ട ഈ പാരന്‍റിംഗ് രീതിയില്‍ പ്രതീക്ഷകള്‍ വ്യക്തമായി പരസ്പരം പങ്കുവയ്ക്കുകയും കുടുംബാംഗങ്ങള്‍ അത് സ്നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യും. കുടുംബ നന്മയ്ക്ക് ഉപകരിക്കുന്ന പൊതുവായ ചിട്ടവട്ടങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമാകുന്ന വിധത്തിലാണ് നടപ്പിലാക്കുക. കൂടെ നിന്ന് സഹായിക്കുന്ന രീതികളും തുറന്ന സ്നേഹ പ്രകടനങ്ങളും ഉള്ള പ്രകൃതക്കാര്‍ ഈ വിഭാഗത്തില്‍ പെടുന്നു.
2. സ്വേച്ഛാധിപത്യ രക്ഷാകര്‍തൃത്വം (Authoritarian Parenting):  എല്ലാം അടിച്ചേല്‍പ്പിക്കുന്ന രീതിയിലുള്ള സ്വഭാവരീതികള്‍ ഈ രക്ഷാകര്‍തൃത്വത്തില്‍ കാണാം. ഇടുങ്ങിയ ചിന്താധാരകളും ആജ്ഞാപനങ്ങളും കൂടുതലാണ്. വളരെ ഉയര്‍ന്ന പ്രതീക്ഷകള്‍ കൊണ്ടു നടക്കുന്നവരാണ് ഇവര്‍. സ്നേഹഭാവങ്ങളേക്കാള്‍ അധികാര ഭാവങ്ങളാണ് കൂടുതല്‍ കാണുക.
3. അനുവദിനീയ രക്ഷാകര്‍തൃത്വം (Permissive Parenting): എല്ലാം സംലഭ്യമാക്കാനും എന്തിനും അനുവാദം നല്‍കാനും തയ്യാറാകുന്ന സ്വഭാവ രീതികളാണ് ഈ രക്ഷാകര്‍തൃത്വത്തിലെ പ്രത്യേകത. ചീ എന്ന് പറയാന്‍ ബുദ്ധിമുട്ടുന്നതുകൊണ്ടും സ്നേഹം നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടും നിയമങ്ങളും അച്ചടക്ക രീതികളും കുറവായിരിക്കും.
4. ഉള്‍ചേരാത്ത രക്ഷാകര്‍ത്യത്വം (Uninvolved Parenting):   ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അപര്യാപ്തത മൂലം കൂടിചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് കുറവുള്ള വ്യക്തിത്വങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

സ്വഭാവ പ്രത്യേകതകള്‍ അനുസരിച്ച് രൂപം കൊള്ളുന്ന ഈ നാല് തരം രക്ഷാകര്‍തൃത്വത്തില്‍ ആധികാരിക രക്ഷാകര്‍തൃത്വ രീതിയാണ് കുടുംബ സമാധാനവും വളര്‍ച്ചയും ഉണ്ടാക്കുന്നത്. ഇത്തരം രീതികളിലേയ്ക്ക് വളരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

കുടുംബ ജീവിത വിജയത്തിന് കുടുംബത്തില്‍ ശ്രദ്ധിക്കേണ്ട അഞ്ച്  “C” കള്‍
1. Chemistry: വിപരീത സ്വഭാവങ്ങളെ മനസ് കൊണ്ട് ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ രസതന്ത്രം (Chemistry) എന്ന (Mutual Respect) പരസ്പരബഹുമാനം ശീലിക്കുക
2. Common Goals: വിപരീത മനോഭാവങ്ങളില്‍ സമാന്തരമായി പോകാതെ കുടംബത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന പൊതുവായ ലക്ഷ്യങ്ങള്‍ (common Goals) കണ്ടെത്തുക
3. Commitment: അപരന് ഇഷ്ടമുള്ളത് ചെയ്യാനുള്ള സന്നദ്ധതയും പ്രതിബദ്ധതയും (Commitment) പരിശീലിക്കുക. സ്വന്തം ഇഷ്ടത്തെക്കാള്‍ മറ്റുള്ളവരുടെ ഇഷ്ടത്തിന് മുന്‍തൂക്കം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക
4. Communication: വ്യതിരിക്ത സ്വഭാവങ്ങള്‍ ആശയവിനിമയത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും എന്ന് തിരിച്ചറിഞ്ഞ് അപരന്‍റെ നന്മയെ പരിപോഷിപ്പിക്കുന്ന നല്ല ആശയവിനിമയത്തിന് (Communication) ദിവസത്തില്‍ സമയം നിര്‍ബദ്ധമായും കണ്ടെത്തുക
5. Consensus: വിപരീത അഭിപ്രായങ്ങളുടെ ഒടുവില്‍ സ്നേഹപൂര്‍വ്വം വിട്ടുകൊടുത്ത് അഭിപ്രായ ഐക്യം (രീിലെിൗെെ) ഉണ്ടാക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക

ചുരുക്കത്തില്‍, വിഭിന്ന സ്വഭാവ പ്രകൃതക്കാരായ വ്യക്തികളുടെ കേവലമായ ഒത്തുചേരലല്ല കുടുംബം മറിച്ച് അത് വ്യതിരിക്തതയിലും സ്നേഹം വിതയ്ക്കുന്ന പരസ്പര പൂര്‍ണ്ണതയുടെ ഐക്യത്തില്‍ സ്ഥാപിക്കപ്പെട്ട ബന്ധമാണ്. ഈ കുടുംബ ബന്ധത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ പൂര്‍ണ്ണത ലോകം കാണട്ടെ.

സി. ഡോ. ഷെറിന്‍ മരിയ സി. എച്ച്. എഫ്.

Leave a comment